History of JMUP School

അവികസിത പ്രദേശമായിരുന്ന ചെറുപുഴയിൽ 1950 - ൽ ശ്രീ. തോളൂർ കൃഷ്ണൻ നായരുടെ മാനേജ്മെന്റിൻ കീഴിൽ ഈ വിദ്യാലയത്തിന്റെ എൽ. പി. വിഭാഗം പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ 3 അദ്ധ്യാപകരും 70 കുട്ടികളുമാണ് ഉണ്ടായിരുന്നത്. 1955 - ൽ യു. പി വിഭാഗം നിലവിൽ വരികയും അതിന്റെ മാനേജരായി തോളൂർ കൃഷ്ണൻ നായരുടെ മൂത്തപുത്രൻ ശ്രീ. കെ. കുഞ്ഞികൃഷ്ണൻ നായർ നിയമിതനാവുകയും ചെയ്തു. സ്ഥാപക മാനേജരായ ശ്രീ തോളൂർ കൃഷ്ണൻ നായരുടെ നിര്യാണത്തെ തുടർന്ന് 1956 - ൽ എൽ. പി. വിഭാഗത്തിന്റെ മാനേജരായി അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രൻ ശ്രീ. കെ. വി. ഗോവിന്ദൻ ചുമതലയേറ്റു. 1958 - ൽ എൽ.പി. വിഭാഗവും, യു.പി. വിഭാഗവും, സംയോജിപ്പിക്കുകയും ഏക മാനേജ്മെന്റിൻ കീഴിലാക്കുകയും ചെയ്തു. അതിന്റെ മാനേജരായി ശ്രീ. കെ. കുഞ്ഞികൃഷ്ണൻ നായർ തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരി പരേതയായ ജാനകിയുടെ പാവനസ്മരണ നിലനിർത്തുന്നതിനായി സ്കൂളിന് ജാനകി മെമ്മോറിയൽ യു. പി. സ്കൂൾ എന്ന് നാമകരണം ചെയ്തു.

2000 - ൽ വിപുലമായ രീതിയിൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ശ്രീ. കെ. കുഞ്ഞികൃഷ്ണൻ നായരുടെ സമർത്ഥമായ മാനേജ്മെന്റിൻ കീഴിൽ ഈ സരസ്വതി ക്ഷേത്രം ഇന്ന് ആയിരത്തില ധികം വിദ്യാർത്ഥികളും 36 അദ്ധ്യാപകരുമുള്ള, പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിട്ടുനിൽക്കുന്ന പയ്യന്നൂർ സബ്ജില്ലയിലെ ഏറ്റവും വലിയ യു.പി. സ്കൂളായി ഉയർന്നിരിക്കുന്നു.

ഒന്നുമുതൽ എല്ലാ ക്ലാസ്സുകളിലും കമ്പ്യൂട്ടർ വിദ്യാഭ്യാസം ഉറപ്പാക്കാൻ കമ്പ്യൂട്ടർ ലാബ്, പഠനത്തിന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സഹായകരമായ സ്മാർട്ട് ക്ലാസ്സ്റൂം, വിദ്യാർത്ഥികളിൽ സമ്പാദ്യശീലം ഉറപ്പാക്കാൻ സഞ്ചയിക - വിദ്യാർത്ഥികളുടെ ബാങ്ക്, അവരിൽ സേവനശീലം വളർത്തുവാൻ സ്കൗട്ട്സ് & ഗൈഡ് യൂണിറ്റ്, കുട്ടികളുടെ പ്രശ്നപരിഹാരങ്ങൾക്ക് കൗൺസിലിംഗ് കൊടുക്കുവാൻ ഹെൽപ്പ് ഡസ്ക് പഠനോപകരണങ്ങളും, നോട്ടുബുക്കുകളും കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുവാൻ സമീപത്തെ 5 സ്കൂളുകൾകൂടി ഉൾപ്പെടുത്തി ഗ്രൂപ്പ് കോ-ഓപ്പ് സ്കൂൾ സൊസൈറ്റി എന്നിവയെല്ലാം ചിട്ടയോടെ പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ആവശ്യകത കണ്ടറിഞ്ഞ് 2000-ൽ ആരംഭിച്ച 3 വീതം എൽ.കെ.ജി., യു.കെ.ജി. ക്ലാസുകൾ, 6 അദ്ധ്യാപികമാരുടെയും 2 ആയമാരുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി മലയാളം മീഡിയത്തിന് പുറമേ ഒന്നുമുതൽ 7 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നു. ഇത് ഈ പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കമുള്ള രക്ഷിതാക്കളുടെ മക്കൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം എന്ന ആഗ്രഹ സഫലീകരണത്തിന് സഹായകമായി. മാത്രമല്ല മലയാളം മീഡിയം കുട്ടികൾക്ക് പ്രത്യേക ഇംഗ്ലീഷ് പരിജ്ഞാനം നേടുന്നതിനായി ഒരു അദ്ധ്യാപകന്റെ നേതൃത്വത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സു കളും ഉറപ്പുവരുത്തുന്നു.

താല്പര്യമുള്ള കുട്ടികൾക്ക് യോഗാപരിശീലനം, കരാട്ടെ പരിശീലനം, നൃത്ത സംഗീത പരിശീലനം എന്നിവ അധികമായി നൽകിവരുന്നു. വിദ്യാർത്ഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി സുസജ്ജമായ ഒരു സ്കൂൾ ലൈബ്രറിയും റീഡിംഗ് റൂമും ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ ഓരോക്ലാസിലും പ്രത്യേക വായനമൂലയും ഒരുക്കിയിരിക്കുന്നു.

സബ്ജില്ലാ, ജില്ലാ കലോത്സവങ്ങൾ, കായിക മത്സരങ്ങൾ, പ്രവൃത്തിപരിചയ, ശാസ്ത്രമേളകൾ, വിദ്യാരംഗം കലോത്സവങ്ങൾ, അറബി കലോത്സവം, സംസ്കൃതോത്സവം എന്നിവയിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു വിദ്യാലയമാണിത്. 2009-10 വർഷത്തെ സബ്ജില്ലാ കലോത്സവം ഏറ്റവും ഭംഗിയായും ചിട്ടയോടെയും  ആതിഥ്യമരുളി വിജയിപ്പിക്കുവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

ജില്ലാ- സബ്ജില്ലാ വിദ്യാരംഗം കലോത്സവങ്ങൾ, സബ്ജില്ലാ ശാസ്ത്രമേളകൾ, പ്രവർത്തി പരിചയമേളകൾ എന്നിവ പലതവണ ഏറ്റെടുത്ത് വിജയകരമായി നടത്തുവാനും സാധിച്ചിട്ടുണ്ട്.